വടക്കാഞ്ചേരി: ഓണത്തോടനുബന്ധിച്ച് ഭക്ഷ്യസുരക്ഷാ പരിശോധന കുറ്റമറ്റതാക്കണമെന്നും പരിശോധനയിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് കൺസ്യുമേഴ്സ് ഫെഡറേഷൻ ഓഫ് കേരള സംസ്ഥാന ചെയർമാൻ കെ.ജി. വിജയകുമാരൻ നായർ സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു.
കരിഞ്ചന്തയും പൂഴ്ത്തിവയ്പും തടയണമെന്നും വിലനിലവാരപ്പട്ടിക പ്രദർശിപ്പിക്കാത്ത കച്ചവടക്കാരുടെ ലൈസൻസ് ഉൾപ്പടെ റദ്ദാക്കി നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഫെഡറേഷൻ സംസ്ഥാനകമ്മിറ്റി തൃശൂരിൽ സംഘടിപ്പിച്ച സംസ്ഥാന നേതൃസംഗമവും ഉപഭോക്തൃപഠന ശില്പശാലയും ഉദ്ഘാടനംചെയ്ത് പ്രസംഗിക്കുകയായിരുന്നു വിജയകുമാരൻ നായർ. വർക്കിംഗ് ചെയർമാൻ സക്കറിയ എൻ. സേവിയർ അധ്യക്ഷതവഹിച്ചു. വിവിധ വിഷയങ്ങളിൽ അഡ്വ.എസ്. ദയ, അഡ്വ.സി.വി. രേഷ്മ എന്നിവർ ക്ലാസുകൾ നയിച്ചു.
ഗഫൂർ ടി.മുഹമ്മദ് ഹാജി, എം.ആർ. ബേബി, വറീത് ചിറ്റിലപ്പിള്ളി, എ. ജലജ, കെ. മേനോൻ, നുസൈഫാ മജീദ്, ലീലാമ്മ സക്രിയ, പുഷ്പശ്രീ പ്രകാശ് തുടങ്ങിയവർ പ്രസംഗിച്ചു.